Categories
Flash News

കോവിഡ് പ്രതിരോധകുത്തിവെപ്പ്; താലൂക്കിലെ ഏക കേന്ദ്രം നാദാപുരം

നാദാപുരം: കോവിഡ് പ്രതിരോധകുത്തിവെപ്പ് 16-ന് തുടങ്ങാനിരിക്കെ വടകര താലൂക്കിലെ ഏക കേന്ദ്രം നാദാപുരം ഗവ.താലൂക്ക് ആശുപത്രി മാത്രം. ആദ്യഘട്ടത്തിൽ വടകരയിൽ കുത്തിവെപ്പ് കേന്ദ്രമില്ല.വടകര താലൂക്കിൽ ഒരു കേന്ദ്രം മാത്രമാണുള്ളത്.

അത് നാദാപുരത്താണ്. ജില്ലയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ പട്ടണമായിട്ടും വടകര ഒഴിവാക്കപ്പെട്ടു. സമീപത്തെ കൊയിലാണ്ടി താലൂക്കിൽ മൂന്നു കേന്ദ്രങ്ങൾ അനുവദിച്ചിട്ടും വടകരയെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം ഉയർന്നുതുടങ്ങി.

താലൂക്ക് ആസ്ഥാനവും ജില്ലാ ആശുപത്രിയുമെല്ലാം വടകരയിലാണുള്ളത്. കുത്തിവെപ്പ് കേന്ദ്രം ഒരുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കുമാണ് വാക്സിൻ കുത്തിവെക്കുന്നത്.

വടകരയിലെയും പരിസരങ്ങളിലെയും ആരോഗ്യപ്രവർത്തകർ ഇതിനായി നാദാപുരത്തേക്ക് പോകണം.

ജില്ലാ ആശുപത്രിയിലേതുൾപ്പെടെ ഒട്ടേറെ ആരോഗ്യപ്രവർത്തകരുള്ള പ്രദേശമാണ് വടകര. വടകരയിൽ സൗകര്യം ഒരുക്കാത്തത് ഇവർക്കും ദുരിതമാകും.

സംസ്ഥാനത്ത് ആകെ 133 കുത്തിവെപ്പ് കേന്ദ്രങ്ങളാണുള്ളത്. 11 എണ്ണമാണ് കോഴിക്കോട്ടുള്ളത്.

ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട് ബീച്ച് ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, പേരാമ്പ്ര താലൂക്ക് ആശുപത്രി, മുക്കം സി.എച്ച്.സി., നരിക്കുനി സി.എച്ച്.സി., പനങ്ങാട്, എഫ്.എച്ച്.സി., ജില്ലാ ആയുർവേദ ആശുപത്രി കോഴിക്കോട്, ഇ.എസ്.ഐ. ആശുപത്രി ഫറോക്ക്‌, ആസ്റ്റർ മിംസ് കോഴിക്കോട് എന്നിവയാണ് ജില്ലയിലെ കുത്തിവെപ്പ് കേന്ദ്രങ്ങൾ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: covid immunization; Nadapuram is the only center in the taluk

NEWS ROUND UP