കോഴിക്കോട് : പരക്കെ പ്രശംസനീയമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തിനിടയില്‍ കല്ലുകടിയായ കുറ്റ്യാടിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വികാരം ജോസ് കെ മാണി മനസ്സിലാക്കിയതായി സൂചന.
കേരള കോണ്‍ഗ്രസ്( എം) കുറ്റ്യാടി സീറ്റ് സിപിഎമ്മിന് തന്നെ തിരിച്ചേല്‍പ്പിക്കാന്‍ സാധ്യത.
പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി കുറ്റ്യാടി ഒഴികെയുള്ള 12 നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സ്ഥാനാർത്ഥി പട്ടികയില്‍ കേരള കോണ്‍ഗ്രസ്( എം)ന് അനുവദിച്ച കുറ്റ്യാടി സീറ്റില്‍ സിപിഐഎം നേതൃത്വവുമായി ആലോചിച്ചു സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സി പി എമ്മിന്റെ ഉരുക്കുകൊട്ടയായ കുറ്റ്യാടി കേരള കോണ്‍ഗ്രസ്സിന് വിട്ട് നല്‍കിയതില്‍ കനത്ത പ്രതിഷേധമാണ് സിപിഐഎം അണികളില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.
ഇന്ന് വൈകീട്ട് കുറ്റ്യാടിയില്‍ നടന്ന പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും യുവാക്കളുമുള്‍പ്പെടെ 100 കണക്കിന് സിപിഎം പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്.
ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് ഇത്തരത്തിലുള്ള വന്‍ പ്രതിഷേധം ഉയര്‍ന്ന് വന്നതെന്ന സൂചനയുണ്ട്.
സിപിഐഎം അണികളുടെ ആവേശം ചോര്‍ന്ന് പോയാല്‍ മാണി കോണ്‍ഗ്രസ്സിന് മണ്ഡലം പിടിച്ചെടുക്കാന്‍ പ്രയാസമാണ്.
ഈ തിരിച്ചറിവും കുറ്റ്യാടിയിലെ സിപിഎം അനുഭാവികളുടെ അമര്‍ഷം തങ്ങളുടെ മറ്റു 12 മണ്ഡലങ്ങളിലും സ്വാധീനിക്കും എന്ന തിരിച്ചറിവാണ് കുറ്റ്യാടി ഏറ്റെടുക്കുന്നതില്‍ പുനരാലോജനക്ക് ജോസ് കെ മാണിയെ പ്രേരിപ്പിച്ചിട്ടുള്ളത് .
ജോസ് കെ മാണിയുടെ തീരുമാനം വലിയ പ്രതീക്ഷയോടെയാണ് കുറ്റ്യടിയിലെ സിപിഐഎം പ്രവര്‍ത്തകര്‍ ഉറ്റ് നോക്കുന്നത്.
എന്നാല്‍ സിപിഐഎം ജില്ലാ സംസ്ഥാന നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.
ഇതിനിടയില്‍ മാണി കോണ്‍ഗ്രസിലെ അഡ്വ മുഹമ്മദ് ഇഖ്ബാല്‍ കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണെന്ന പ്രചരണം സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്.
കുറ്റ്യാടിയില്‍ സിപിഐഎം ജില്ല നേതൃത്വം നിര്‍ദേശിച്ച കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റര്‍ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയാണ് ഇതു വഴി തെളിയുക
പ്രവര്‍ത്തക വികാരത്തിനൊത്ത് മുന്നണി നേതാക്കള്‍ പ്രവര്‍ത്തിച്ചാല്‍ ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നഷ്ടപെട്ട കുറ്റ്യാടി മണ്ഡലം എല്‍ ഡി എഫ്ന് തിരിച്ചുപിടിക്കാന്‍ കഴിയും എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.