നാദാപുരം: ചെക്യാട് – വളയം പഞ്ചായത്തുകളുടെ അതിർത്തിയായ അരൂണ്ടയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. പൂങ്കുളം – കായലോട്ട് താഴെ റോഡിലെ റേഷൻ കടക്ക് സമീപത്തെ കീറിയ പറമ്പത്ത് രാജുവും ഭാര്യ റീനയും മക്കളും അടങ്ങുന്ന കുടുംബമാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായത്. വീടിനകത്ത് തീ പടർന്ന നിലയിലുണ്ട്. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയാണ് ഇദ്ദേഹം. അച്ഛൻ്റെ മരണത്തെ തുടർന്ന് നാട്ടിലെത്തിയതായിരുന്നു രാജു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാല് പേരെയും തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. നില ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിട്ടുണ്ട്. സ്ഥലത്ത് പാനൂർ ഫയർഫോഴ്സ് സംഘം എത്തിയിട്ടുണ്ട്.പൊള്ളലേറ്റ രാജുവിൻ്റെ മൂത്ത മകൻ ഇന്നലെ രാത്രി പത്ത് മണി വരെ പ്രദേശത്തെ ഒരു വിവാഹ വീട്ടിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷും നാട്ടുകാരും ഇപ്പോൾ സംഭവ സ്ഥലത്തുണ്ട്.