വാണിമേൽ : വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി വില്ലേജോഫീസിന് മതിൽ നിർമിക്കുന്നതായി ആക്ഷേപം. വാണിമേൽ നാലുപുരക്കൽ കുനിയിൽ കുഞ്ഞമ്മദിന്റെ വീട്ടിലേക്കുളള വഴിയാണ് തടസ്സപ്പെട്ട നിലയിലുള്ളത്.

മതിൽനിർമാണം മുസ്ലിംലീഗ് നേതൃത്വത്തിൽ തടഞ്ഞു. ഇന്ന് രാവിലെ തൊഴിലാളികൾ പണിക്കെത്തിയപ്പോൾ മുസ്ലിം ലീഗ് പ്രവർത്തകർ പ്രവൃത്തി തടയുകയായിരുന്നു. കാൽനൂറ്റാണ്ടായി വീട്ടുകാർ ഉപയോഗിക്കുന്ന വഴിയാണ് മതിൽ നിർമാണത്തിന്റെ ഭാഗമായി തടസ്സപ്പെടുത്തിയതെന്നാണ് പരാതി.
അധികൃതരുടെ നടപടിക്കെതിരേ വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യയുടെ നേതൃത്വത്തിൽ സർവകക്ഷിസംഘം ആർ.ഡി.ഒ.യെ കണ്ട് പരാതിപ്പെട്ടു.
ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയില്ലാതെയും ഫുട്പാത്തിന് തൊട്ടടുത്താണ് മതിൽനിർമ്മാണം നടക്കുന്നതെന്നുമുളള പരാതിയിൽ അന്വേഷണം നടത്തുമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വില്ലേജ് ഓഫീസിനുവേണ്ടി ചുറ്റുമതിൽ നിർമിക്കുകയാണെന്നും മതിൽ നിർമിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണ്ടതില്ലെന്നുമാണ് വില്ലേജ് ഓഫീസ് അധികൃതരുടെ വിശദീകരണം.
Wall blocked; wall around the village office blocking the way to the house