Categories
Latest

ബാണ്യേക്കാര്‍ പോലും അറിയാത്ത വാണിമേലിന്‍റെ ചരിത്രം വായിക്കാം

നാദാപുരം : ബാണ്യേക്കാര്‍ പോലും അറിയാത്ത വാണിമേലിന്‍റെ ചരിത്രം വായിക്കാം…. വയനാട്ടിലേക്കു പോകുന്ന അറബിക്കച്ചവടക്കാരുടെ വാണിജ്യ കേന്ദ്രമായിരുന്നു ഒരിക്കൽ വാണിമേൽ. വണിക്കുകൾ (കച്ചവടക്കാർ) തമ്പടിച്ചിരുന്ന സ്ഥലത്തിനു വാണിമേൽ എന്നു പേരുവന്നുവെന്നും ജ്ഞാനത്തിന്റെ ദേവതയായ വാണി (സരസ്വതി) വിളയാടുന്ന സ്ഥലം എന്ന അർഥത്തിലാണു വാണിമേൽ എന്ന പേരു വന്നതെന്നും രണ്ടു കഥയുണ്ട്.

മലയോര പ്രദേശമാണു വാണിമേൽ. വടക്കു കണ്ണവം വനവും കിഴക്ക് കുഞ്ഞോം വനവും നരിപ്പറ്റ പഞ്ചായത്തും പടിഞ്ഞാറ് വളയം പഞ്ചായത്തും അതിരിടുന്നു. തെക്ക് നാദാപുരം, നരിപ്പറ്റ പഞ്ചായത്തും നാടിന് അതിരായുണ്ട്. വാണിമേൽ പാലം മുതൽ കുഞ്ഞോം വനാതിർത്തി വരെ നീണ്ടുകിടക്കുന്ന കല്ലാച്ചി – വിലങ്ങാട് റോഡ് നാടിനെ രണ്ടായി വിഭജിക്കുന്നു. നാടിന്റെ തെക്ക് കിഴക്ക് അതിരിലൂടെ ഒഴുകുന്ന വാണിമേൽ പുഴ ഓളം തല്ലുന്നു. പശ്ചിഘട്ട മലനിരയിൽ നിന്നു പിറവിയെടുക്കുന്ന ഈ പുഴ മയ്യഴിപ്പുഴയിൽ ലയിക്കുന്നു. കുഞ്ഞോം വനത്തിനകത്തു നിന്ന് ഉദ്ഭവിച്ച് 15 കിലോ മീറ്ററോളം നാടിനെ കുളിരണിയിച്ചാണു മയ്യഴിപ്പുഴയായി മാറുന്ന വാണിമേൽ പുഴയുടെ ഒഴുക്ക്.

വാണിമേലിലെ കൊച്ചു സ്ഥലങ്ങളുടെ പേരുകളിലെല്ലാം കൗതുകമുണ്ട്. ഭൂമിവാതുക്കൽ, കൊടിയൂറ, വെള്ളിയോട് അങ്ങനെ പോകുന്നു സ്ഥലപ്പേരുകൾ. ഭൂമി പോലും വാത് (പണയം) വയ്ക്കുന്ന ഒരുവിഭാഗം പണ്ടിവിടെ ഉണ്ടായിരുന്നതിനാൽ ഈ പേരു വന്നെന്നാണ് കഥ. അതല്ല ഭൂമിശാസ്ത്രപരമായ കിടപ്പു കൊണ്ടും ചുറ്റുപാടുമുള്ള വനപ്രദേശങ്ങളിൽ നിന്നു തെളിഞ്ഞ ഭൂമിയിലേക്ക് വാതിൽ പോലെ കിടക്കുന്ന സ്ഥലമായിതിനാലാണു ഭൂമിവാതുക്കൽ എന്ന പേരു വന്നതെന്നും പറയുന്നു.

ദാവാരികൾ എന്നറിയപ്പെടുന്ന കച്ചവട വിഭാഗം താമസിച്ച പ്രദേശമായിരുന്നു വെള്ളിയോട്. ഇവർ ഒരുപക്ഷേ യവനരോ അറബികളോ ആയിരുന്നിരിക്കാം. കുരുമുളക് അടക്കമുള്ള വനവിഭവങ്ങൾക്കു പകരമായി സ്വർണം, വെള്ളി, ഓട് എന്നിവ കൈമാറ്റം ചെയ്ത സ്ഥലത്തെ വെള്ളിയോട് എന്നു വിളിച്ചതാവാം. പെട്ടെന്നു വന്നു തമ്പടിക്കുന്ന ഇവർ കച്ചവടസാധനങ്ങളുമായി പെട്ടെന്നു സ്ഥലം വിടുന്ന രീതിയുമുണ്ടായിരുന്നു. അതിനാൽ‍ ഇവരുടെ കച്ചവടത്തെ ജിന്നിന്റെ കച്ചവടം എന്നാണു വിളിച്ചിരുന്നത്.

യവന വ്യാപാരികൾ കുരുമുളകും മറ്റും കച്ചവടം ചെയ്യാൻ‍ വരുന്ന കേന്ദ്രത്തിൽ പ്രത്യേക കൊടി വളരെ ഉയരത്തിൽ കെട്ടുക പതിവായിരുന്നു. ഇതു കണ്ടിട്ടാണു മലമുകളിൽ താമസിച്ചിരുന്ന കുറിച്യർ വനവിഭവങ്ങളുമായി ഈ സ്ഥലത്തേക്കു വന്നിരുന്നത്. അങ്ങനെ കൊടി കെട്ടിയ സ്ഥലത്തിനു കൊടിയൂറ എന്ന പേരുവന്നുവെന്നും പറയപ്പെടുന്നു.കോ എന്നാൽ‍ രാജാവിന്റെ സ്ഥലം എന്നർഥമുണ്ടായിരുന്നു. ഒരു കാലത്ത് കോലത്ത് രാജാവിന്റെ സ്ഥലാതിർത്തി കോ പറമ്പ് എന്നറിയപ്പെട്ടിരുന്നു. കോ പറമ്പ് ലോപിച്ചായിരിക്കാം കുളപറമ്പ് എന്ന പേരു വന്നതെന്ന് അനുമാനിക്കുന്നു.

കുറിഞ്ചി അഥവാ വനപ്രദേശത്തു താമസിക്കുന്നവരായതിനാൽ കുറിച്യർ എന്ന പേര് ആ ജനതയ്ക്കു വന്നുവെന്നാണു കരുതുന്നത്. വേട്ടയാടിയും വനവിഭവങ്ങൾ ശേഖരിച്ചും കാട് വെട്ടി അവശ്യ വസ്തുക്കൾ കൃഷി ചെയ്തും ഉപജീവനം കണ്ടെത്തിയിരുന്ന ഈ വിഭാഗത്തിലെ ചിലർ ബ്രിട്ടിഷുകാർക്കെതിരായ പഴശ്ശിയുടെ പോരാട്ടത്തിലെ പ്രധാന പോരാളികളായിരുന്നു. ഇവരിലെ പ്രധാനി തലയ്ക്കൽ ചാത്തു വാണിമേൽക്കാരനാണ്.

കടത്തനാട് രാജവംശത്തിന്റെ ശാഖയായിരുന്ന ആയഞ്ചേരി കോവിലകത്തിന്റെ അധീനതയിലായിരുന്നു വാണിമേലിലെ ഭൂമി. നാടിന്റെ ഭൂവിസ്തൃതിയുടെ ഏതാണ്ടു പകുതിയോളം കുന്നുകൾ വ്യാപിച്ചു കിടക്കുന്നു. യവനരുടെ തുടർച്ചയായാണ് ഇവിടേക്ക് അറബികൾ വന്നത്.

അവരിൽപ്പെട്ട സിദ്ധനാണ് വെള്ളിയോട് പള്ളിയിലെ ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്ന തങ്ങൾ എന്നറിയപ്പെടുന്നു. നാടിന്റെ കഥയറിഞ്ഞ് അങ്ങനെ ഞങ്ങൾ തിരികക്കയത്തെത്തി. ചിരപുരാതന ക്ഷേത്രമായ ചേലാലക്കാവിനടുത്താണു തിരികക്കയം വെള്ളച്ചാട്ടം. ഏകദേശം 50 അടിയോളം ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം. മിഥുനപ്പെയ്ത്തിൽ തിരികക്കയം വെള്ളിക്കിണ്ണം തലയിൽ കമഴ്ത്തി കുണുങ്ങി നിൽക്കുന്നു.

തോണിക്കയത്തായിരുന്നു അടുത്ത കാഴ്ച. ആദിവാസി കോളനിയായ അടുപ്പ് കോളനിയോട് ചേർന്നാണു തോണിക്കയം. പഞ്ചപാണ്ഡവർ‌ ഒളിവിൽ കഴിഞ്ഞ സ്ഥലമാണിതെന്നും അവർക്കു ഭക്ഷണം പാകം ചെയ്യാൻ ഭീമാകാരമായ അടുപ്പ് നിർമിച്ച ഇടമാണിതെന്നുമാണ് ഐതിഹ്യം. വലിയ അടുപ്പ് കല്ലുകൾ ഇപ്പോഴും കാണാം. മലമുകളിൽ നിന്നു കുത്തനെ ഒലിച്ചിറങ്ങുന്ന അടുപ്പിൽ തോട് ഈ പാറകളെ കുളിരണിയിക്കുന്നു.

ചക്കരക്കുണ്ടിലെ കാഴ്ചയാണു കാഴ്ച.കാടിന്റെ ഉൾഭാഗത്തു നിന്ന് ഒഴുകിയെത്തുന്ന അരുവിയിലെ വെള്ളം ചക്കരക്കുണ്ടിലാണു ശേഖരിക്കപ്പെടുന്നത്. തേനൂറുന്ന വെള്ളമായതിനാലാണ് ഇതിനു ചക്കരക്കുണ്ട് എന്ന പേരു വീണതത്രേ. ചക്കരക്കുണ്ടിൽ നിന്ന് ഇരുഭാഗത്തും നൂറു മീറ്ററോളം ഉയരത്തിൽ നിൽക്കുന്ന പാറക്കെട്ടുകൾ മനോഹരമായ കാഴ്ചയാണ്.വലിയ പാനോം മലയുടെ മുകളിൽ നിന്നാൽ നൂറുകണക്കിനു മീറ്ററോളം കോട്ടപോലെ ഉയർന്നു നിൽക്കുന്ന പാറക്കെട്ടുകളിൽ നിന്നു വെള്ളം താഴേക്ക് ഒഴുകുന്നതു കാണാം. വെള്ളി പാദസരം കെട്ടിയ സുന്ദരിയുടെ കണങ്കാൽ പോലെ ചേലൊത്ത കാഴ്ച.

ചിറ്റാരി മലയിലെ ചന്ദനത്താംകുണ്ടിൽ ഇപ്പോൾ‍ മഴയുടെ തുടികൊട്ടലായിരിക്കാമെന്നു സഹയാത്രികൻ പറഞ്ഞു. പ്രകൃതി നിർമിത ജലാശയമാണ് ചന്ദനത്താംകുണ്ട്.ഏറെ സാഹസികമായി വേണം ഇവിടെ എത്താൻ. ആനകളും കാട്ടുപോത്തുകളും അടക്കമുള്ള വന്യജീവികളുടെ കുടിവെള്ള സ്രോതസാണിവിടം.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP